2018, ജൂൺ 18, തിങ്കളാഴ്‌ച

നീര്‍മാതള പൂവിനുള്ളില്‍

നീര്‍മാതള  പൂവിനുള്ളില്‍ നീഹാരമായ്  വീണ കാലം
നീലാംബരി രാഗമായി താനേ നുകര്‍ന്ന നവനീതം 
ചിറകാര്‍ന്നുയര്‍ന്നു വാനില്‍ മനം ഊയലാടിയ കാലം

ഇലകളോടും പൂക്കളോടും പറയുവാനുണ്ടൊത്തിരി
ഉഴുത മണ്ണിൻ ഗന്ധമേല്‍ക്കാന്‍ നനയുവാനുണ്ടുൾകൊതി 
ഇലഞ്ഞി മരത്തിൻ കൊമ്പില്‍ കുറുകും പക്ഷി, നീലാഞ്ജനപക്ഷി
അറിയുന്നു നിന്‍ ഹൃദയമിടിപ്പും, ഇടനെഞ്ചിൻ ചെറു ചൂടും

നീര്‍മാതള  പൂവിനുള്ളില്‍ നീഹാരമായ്  വീണ കാലം
നീലാംബരി രാഗമായി താനേ നുകര്‍ന്ന നവനീതം 

ഒരു സ്വകാര്യം മൊഴിയുവാന്‍, അരികില്‍ വന്നു പുലരികള്‍
മുറുകി നില്‍ക്കും തന്തി തോറും, വിരല്‍ തലോടി സന്ധ്യകള്‍
എഴുതിയതാരോ കണ്മഷി പോലെ സ്വപ്നം, മിഴികളില്‍ സ്വപ്നം
തഴുകുന്നു, രാപകല്‍ ഒഴിയാതെ, മായിക മയില്‍പീലി

നീര്‍മാതള  പൂവിനുള്ളില്‍ നീഹാരമായ്  വീണ കാലം
നീലാംബരി രാഗമായി താനേ നുകര്‍ന്ന നവനീതം 
ചിറകാര്‍ന്നുയര്‍ന്നു വാനില്‍ മനം ഊയലാടിയ കാലം