2016, നവംബർ 24, വ്യാഴാഴ്‌ച

ആരേയും ഭാവഗായകനാക്കും

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്ര നക്ഷത്രകന്യകൾ

കിന്നര മണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും
മുളം തണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയവീണയിൽ

നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്‌
മൂടിവെച്ച നിഗൂഢഭാവങ്ങൾ
പൂക്കളായ്‌ ശലഭങ്ങളായ്‌
ഇന്നിതാ നൃത്തലോലരായ്‌
ഈ പ്രപഞ്ച നടനവേദിയിൽ

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ




ചന്ദന മണിവാതിൽ പാതി ചാരി

ചന്ദന മണിവാതിൽ പാതി ചാരി 
ഹിന്ദോളം കണ്ണിൽ തിരയിളക്കി 
ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽക്കെ 
എന്തായിരുന്നു മനസ്സിൽ 

എന്നോടെന്തിനൊളിക്കുന്നു നീ സഖീ 
എല്ലാം നമുക്കൊരുപോലെയല്ലേ 
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ 
സ്വർണ്ണ മന്ദാരങ്ങൾ സാക്ഷിയല്ലേ 

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ 
യാമിനി കാമസുഗന്ധിയല്ലെ 
മായാവിരലുകൾ തൊട്ടാൽ മലരുന്ന 
മാദക മൗനങ്ങൾ നമ്മളല്ലേ 

2016, നവംബർ 16, ബുധനാഴ്‌ച

കാലം

കാലം എത്ര പെട്ടെന്ന്  കടന്നു പോകുന്നു.. ദിവസങ്ങൾ ഓരോ മണിക്കൂറുകൾ കടന്നു പോകുന്നത് പോലെ ആണ് പോകുന്നത് എന്ന് തോന്നുന്നു.. ഏതാനും നാളുകൾ കൂടി കഴിഞ്ഞാൽ 2017. ആയുസ്സിൽ നിന്ന് അടുത്ത വര്ഷം കൂടി കടന്നു പോകുന്നു. ഇത്രയും കാലം ജീവിച്ചെങ്കിലും ഏറ്റവും നല്ലത് കുട്ടിക്കാലം തന്നെ ആയിരുന്നു.കുട്ടി ആയിരിക്കുമ്പോൾ തോന്നും ഒന്ന് പെട്ടെന്ന് വലുതായാൽ മതി എന്ന്. വലിയവർക്ക് പഠിക്കേണ്ട, എവിടെ വേണമെങ്കിലും പോകാം, എത്ര വേണമെങ്കിലും കഥകൾ വായിക്കുകയും ടി.വി കാണുകയുമൊക്കെ ചെയ്യാം എന്നൊക്കെ ആയിരുന്നു അപ്പോൾ തോന്നുന്നത്. പക്ഷെ വലുതായപ്പോൾ ആണ് തിരിച്ച ചിന്തിച്ചു പോകുന്നത് .. എത്ര മനോഹരമായിരുന്നു ആ നാളുകൾ എന്ന് ... എല്ലാവരും സ്നേഹത്തോടെ മാത്രം നോക്കിയിരുന്ന കാലം...  കളിച്ചും ചിരിച്ചും മാത്രം നടന്ന ആ  കാലം...

ഓരോ വർഷവും എത്ര എത്ര പുതിയ മുഖങ്ങൾ കണ്ടു.. എത്ര ആളുകളെ പരിചയപ്പെട്ടു.. പലരോടും ഒരുപാട് അടുത്തു. പല സുഹൃത്തുക്കളെയും ഒരിക്കലും പിരിയരുതെന്നു ആഗ്രഹിച്ചു പക്ഷെ കഴിഞ്ഞില്ല.. പലരെയും പാതി വഴിയിൽ പിരിയേണ്ടി വന്നു. എന്തിനേറെ, ജന്മം നല്കിയവരുടെ ഒപ്പം പോലും നിൽക്കാൻ കഴിയുന്നില്ല.. എത്ര എത്ര വ്യത്യസ്ത അനുഭവങ്ങൾ.. നല്ലതും ഓർക്കാൻ ഇഷ്ടപ്പെടാത്തതും എല്ലാം ഉണ്ട്.. പലതരം ആളുകളോട് ഇടപെടേണ്ടി വന്നിട്ടുണ്ട്.. ശരിക്കും ജീവിതം ഒരു പാഠപുസ്തകം എന്ന് തന്നെ പറയാം..

ഇനിയും എന്തൊക്കെ കാത്തിരിക്കുന്നു എന്നറിയില്ല.. കാലത്തിന്റെ ഒഴിക്കിനോടൊപ്പം നമ്മളും ഓടിക്കൊണ്ടിരിക്കും..