2015, നവംബർ 26, വ്യാഴാഴ്‌ച

നീ

മനസ്സിൽ പെയ്തൊരു മഴയിൽ നീയൊരു
മഴത്തുള്ളി ആയിരുന്നെകിൽ..
ആ മഴത്തുള്ളി ഞാൻ എന്റെ ഹൃദയത്തിൻ 
ഉള്ളിലെ ചെപ്പിലായ് എന്നും
 മാണിക്യം പോൽ കാത്തുവയ്ക്കും 

മനതാരിൽ വിടർന്നൊരു പൂവിന്റെ ഉള്ളിലെ 
തേനായ് നീ നിറഞ്ഞെങ്കിൽ..
ആ മധു നുകരാനായ് പാറിവരുന്നൊരാ
വണ്ടിനെ കാട്ടാതെ എന്നും 
എൻ കരളറയിൽ ഒളിപ്പിച്ചു വെക്കും 

മരിക്കാത്ത ഓർമ്മകൾ

ചിലപ്പോഴെങ്കിലും തോന്നിപ്പോകും മരിച്ചു കഴിയുമ്പോളാണ്  നാം പലരുടെയും വില മനസ്സിലാക്കുക എന്ന്... ശരിയോ തെറ്റോ..അറിയില്ല...
എന്നെ എപ്പോഴും അങ്ങനെ ചില ഓർമ്മകൾ തളച്ചിടാറുണ്ട് .എനിക്ക് ഒരുപാട് പ്രിയപ്പെട്ട ചിലരൊക്കെ ഇഹലോകവാസം വെടിഞ്ഞു യാത്രയായത് കൊണ്ടാവാം.. "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല " എന്ന്  പഴയ ഒരു ചൊല്ലുണ്ട് ..എത്ര പരമാർത്ഥം!! കൂടെ എപ്പോഴും ഉള്ളപ്പോൾ ആരും ആരെയും തിരിച്ചറിയില്ല..മനസ്സിലാക്കില്ല. മരിച്ചു കഴിഞ്ഞാവും അവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന പല സന്ദർഭങ്ങളിൽ കൂടെയും കടന്നു പോകേണ്ടി വരിക.. മറവി ഒരു തരത്തിൽ മനുഷ്യന് അനുഗ്രഹം ആണെന്ന് തന്നെ പറയാം.അല്ലെങ്കിൽ ഇഷ്ടപ്പെട്ടവരുടെ വേർപാടിൽ ദു:ഖിച്ചു മുൻപോട്ടുള്ള ജീവിതം തകരുമായിരുന്നു.
ഈ ലോകത്ത് നിന്ന് തന്നെ വിടപറഞ്ഞു പോയാലും മനസ്സിനെ അത്ര കണ്ട് സ്വാധീനിച്ച വ്യക്തികളെ ഒരിക്കലും മനസ്സില് നിന്ന് മായ്കാൻ കഴിയുകയില്ല.. ചില നേരങ്ങളിൽ അവർ ഇപ്പോഴും എവിടെയോ ഉണ്ട്..എന്നെങ്കിലും വീണ്ടും കാണാൻ കഴിയും എന്നുള്ള പ്രതീക്ഷ പോലും മനസ്സില് കടന്നു വരാറുണ്ട്. നാളെ നമുക്ക് പ്രിയപ്പെട്ട പലതിനെയും..പലരെയും വിട്ട് നമ്മളും പോകേണ്ടതല്ലേ.ഇതുവരെ കടന്നു പോയവര് നമ്മെ പിരിയുമ്പോൾ എത്ര ദുഖിചിട്ടുണ്ടാവും. പൂർത്തിയാക്കാൻ കഴിയാതെ പോയ ദൗത്യങ്ങൾ..സാധികാതെ പോയ ആഗ്രഹങ്ങൾ..അങ്ങനെ പലതും ഓർത്ത് അവർ കരഞ്ഞിട്ടുണ്ടാവും.
നമുക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ നഷ്ടം ജീവന്റെ നഷ്ടമാണ്  എന്നാണ്  എന്റെ വിലയിരുത്തൽ..ഏറ്റവും പ്രിയപെട്ടവരുടെ ജീവൻ. പലപ്പോഴും ഒരാള്ടെ കടമകൾ കൂടെ അയാളുടെ വിയോഗത്താൽ മറ്റൊരാൾ ചെയ്തു തീർക്കും. എങ്കിൽ പോലും ആ ആളിന് മാത്രമായി ചെയ്യാൻ കഴിയുന്ന ചിലതെങ്കിലും ഉണ്ടാവും. അല്ലെങ്കിൽ ആ ആൾ വഹിച്ചിരുന്ന സ്ഥാനം..അതിപ്പോ അമ്മയോ അച്ഛനോ അപ്പൂപ്പനോ അമ്മൂമ്മയോ സഹോദരിയോ സഹോദരനോ അങ്ങനെ എന്ത് തന്നെ ആയാലും അതിലുണ്ടാകുന്ന വിടവ്...അതിനെ മറ്റൊരാൾക്ക്  പൂർണ്ണമായി നികത്തി തരാൻ കഴിയില്ല. ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യം ഉണ്ട്. അത് പലപ്പോഴും ആരും മനസ്സിലാക്കാറില്ല, അവർ വിട്ട്പിരിയുന്നത് വരെ..ഒരു പക്ഷെ അതിനു ശേഷവും..

സ്നേഹിക്കാം എല്ലാവരെയും ഓരോരുത്തരുടെയും പ്രാധാന്യം മനസ്സിലാക്കികൊണ്ട്‌ തന്നെ..ക്ഷണികമായ ഈ ലോകത്ത് നിന്ന് നമ്മളും ഒരിക്കൽ പോകേണ്ടി വരും എന്ന ഓർമ്മയോടെ.  നമ്മെ സ്നേഹിക്കുന്നവരോട്..നമുക്കായ് മാത്രം ജീവിക്കുന്നവരോട്..നമുക്കായ് എന്തും ത്യജിക്കാൻ തയ്യാറാകുന്നവരോട്..അതു മാത്രമേ നമുക്ക് ചെയ്യാൻ ഉള്ളു..        
    

2015, നവംബർ 18, ബുധനാഴ്‌ച

ഇന്ത്യയുടെ നയാഗ്ര


കഴിഞ്ഞ ദിവസം ഞാൻ കണ്ട ആ ദൃശ്യം എന്റെ മനസ്സിൽ മായാതെ കിടക്കുകയാണ് . കൂട്ടുകാർക്കൊപ്പം ഞാൻ ആതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയി . മുകളിൽ നിന്ന് കാണുമ്പോൾ പുക പോലെ തോന്നി . താഴെ വന്നപ്പോൾ ആ വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്ക് നേർമയോടെ പതിച്ചു .. അപ്പോൾ എന്താണ്  തോന്നിയതെന്ന്  പറഞ്ഞു അറിയിക്കാൻ കഴിയില്ല... ഒരു നിർവൃതി  എന്ന പോലെ എന്തോ .....കുറെ നേരത്തേക്ക്  മനസ്സിലേക്ക് മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല അതിൽ അങ്ങനെ ലയിച്ചു  നിന്നു  ഞാൻ.... 

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.... " ഇന്ത്യയുടെ നയാഗ്ര "  എന്ന്  വിശേഷിപ്പിക്കപെടുന്ന വെള്ളച്ചാട്ടം .... ശരിക്കും  അത് ഒന്ന് കണ്ടുനില്കാൻ തന്നെ ഉണ്ട് ... ഓരോ തുള്ളിയും പാറയിൽ തട്ടി തെറിച്ചു മഞ്ഞു പോലെ... പുക പോലെ... അങ്ങനെ ചിന്നി ചിതറി പോകുന്നത് കണ്ടപ്പോൾ അതിൽ ഒരു തുള്ളിയായ് ഞാൻ മാറിയിരുന്നെങ്കിൽ എന്ന് തോന്നിപോയി .... മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ്മ അനുഭവപ്പെട്ടു...  




2015, നവംബർ 9, തിങ്കളാഴ്‌ച

വരമഞ്ഞളാടിയ രാവിന്റെ മാറില്‍

വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..
നിമിനേരമെന്തിനോ തേങ്ങി  നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരി തൻ  ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി ...അവളെ
പനിനീർ  മലരാക്കി ..
വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..

കിളി വന്നു കൊഞ്ചിയ  ജാലകവാതിൽ
കളിയായ്‌ ചാരിയതാരെ ..
മുടിയിഴ കോതിയ  കാറ്റിൻ  മൊഴിയില്‍
മധുവായ് മാറിയതാരെ ..
അവളുടെ മിഴിയില്‍ കരിമഷിയാലെ
കനവുകളെഴുതിയതാരെ ..
നിനവുകളെഴുതിയതാരെ ..
അവളെ തരളിതതയാക്കിയതാരെ ..

വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..
നിമിനേരമെന്തിനോ തേങ്ങി  നിലാവിന്‍
വിരഹമെന്നാലും മയങ്ങി..

മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
മഴയായ്‌ ചാറിയതാരെ...
ദളമർമ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
കുയിലായ്‌ മാറിയതാരെ...
അവളുടെ കവിളില്‍ തൊടുവിരലാലെ
കവിതകളെഴുതിയതാരെ...
മുകൂളിതയാക്കിയതാരെ...
അവളെ പ്രണയിനിയാക്കിയതാരെ...

വരമഞ്ഞളാടിയ  രാവിന്റെ മാറില്‍
ഒരു മഞ്ഞു  തുള്ളി ഉറങ്ങി..
നിമിനേരമെന്തിനോ തേങ്ങി  നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരി തൻ  ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി ...അവളെ
പനിനീർ  മലരാക്കി ..

നീയെന്റെ പാട്ടില്‍

നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
മാറോടു ചേരും മണ്‍ വീണയായ്
താനെ തുളുമ്പും താരാട്ടു പോലെ 
സ്നേഹാര്‍ദമാവും തൂമഞ്ഞുപോലെ 
നീ വാ......... എന്‍ ചാരെ


തൊടുമ്പോള്‍ തുടികും പൊന്‍ പൂവേ

നീയിന്നെന്‍ സ്വന്തം
വിതുമ്പും മനസിന്‍ നീ പൂതാല്‍
ഈ ജന്മം ധന്യം 
ആദ്യമായി കണ്ട നിന്‍
ആര്‍ദ്രമാം പുഞ്ചിരി 
കൊതിയോടെന്നും 
എന്നുള്ളില്‍ ചാര്‍ത്താന്‍..... 

                                         
ഇരുട്ടില്‍ കൊളുത്തും പൊന്‍ നാളം
നിന്‍ സ്നേഹം മാത്രം
ഉഷസ്സില്‍ തുളുമ്പും ഭൂപാളം
നിന്‍ പുണ്യം മാത്രം
പൂ മുളം ചില്ലയില്‍ പൂനിലപക്ഷി പോല്‍
മൊഴി തേടുന്നു എന്നുള്ളില്‍ മൌനം
                                          

മരണമെത്തുന്ന നേരത്തു...

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍ .
ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്‍മുഖം മുങ്ങിക്കിടക്കുവാന്‍.
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍.
അറിവുമോര്‍മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍.
അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമജപത്തിനാല്‍ കൂടുവാന്‍.
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.
അതു മതി ഉടല്‍ മൂടിയ മണ്ണില്‍നി-
ന്നിവനു പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍.


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ...


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ...

വെള്ളിനിലാ.. തുള്ളികളോ

വെള്ളിനിലാ.. തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണര്‍ത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

വാതിലില്‍ ആ വാതിലില്‍

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തെനുറിടും ഇശലായ് ഞാന്‍

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തെനുറിടും ഇശലായ് ഞാന്‍

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ ചേര്‍ന്നു
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ ചേര്‍ന്നു

കാണാനോരോ വഴി തേടി
കാണുംനേരം മിഴി മൂടി
ഓമലേ നിന്നീലയോ
നാണമായ് വഴുതീലയോ
പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി
കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായി 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ താനെ...
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ താനെ...

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തെനുറിടും ഇശലായ് ഞാന്‍ 

ഏതോ കതകിന്‍ വിരിനീക്കി
നീല കണ്മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ
മോഹമോ വളരുന്നുവോ
നിന്നോളം ഉലകിലോരുവള്‍ നിന്‍ അഴകുതികയുവതിനില്ലല്ലോ
മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ്

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ താനെ
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ താനെ

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ ചേര്‍ന്നു
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍  
ചെഞ്ചുണ്ടില്‍ ചേര്‍ന്നു  

മായാമഞ്ചലില്‍

മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ
കാണാത്തംബുരു തഴുകുമൊരു തൂവല്‍‌ത്തെന്നലേ
ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
കിനാവുപോല്‍ വരൂ വരൂ...


ഏഴുതിരിവിളക്കിന്റെ മുമ്പില്‍ ചിരി തൂകി
മലര്‍‌ത്താലം കൊണ്ടുവന്നതാര്
ഏഴുതിരിവിളക്കിന്റെ മുമ്പില്‍ ചിരി തൂകി
മലര്‍‌ത്താലം കൊണ്ടുവന്നതാര്?
കനകമഞ്ചാടിപോലെ....ആ...ആ..ആ
കനകമഞ്ചാടിപോലെ അഴകു തൂകുമീ നേരം
എതൊരോര്‍‌മ്മയില്‍ നിന്നു നീ
ആരെത്തേടുന്നു ഗോപികേ..
കിനാവിലെ മനോഹരീ...


പൂനിലാവു പെയ്യുമീറന്‍‌രാവില്‍ കതിരാമ്പല്‍-
ക്കുളിര്‍പൊയ്ക നീന്തി വന്നതാര്
പൂനിലാവു പെയ്യുമീറന്‍‌രാവില്‍ കതിരാമ്പല്‍-
ക്കുളിര്‍പൊയ്ക നീന്തി വന്നതാര്
പവിഴമന്ദാരമാല ....ആ...ആ..ആ
പവിഴമന്ദാരമാല പ്രകൃതി നല്‍കുമീ നേരം
മോഹക്കുങ്കുമം പൂശി നീ
ആരെത്തേടുന്നു ഗോപികേ?
കിനാവിലെ സുമംഗലീ


പിന്നെയും... പിന്നെയും....

പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം‌
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം‌
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം‌
പടി കടന്നെത്തുന്ന പദനിസ്വനം‌......

പുലര്‍നിലാ ചില്ലയില്‍ കുളിരിടും മ‍ഞ്ഞിന്‍റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം...
അലയും ഈ തെന്നലെന്‍ കരളിലെ തന്തിയില്‍ 
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍ തെളിനിഴല്‍ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ.. ആരോ.. ആരോ..

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം

പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം‌
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ.. ആരോ.. ആരോ..

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ...
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌
പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
 പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌
നോവുകള്‍ മാറാല മൂടും മനസ്സിന്റെ...
നോവുകള്‍ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയായി..
മംഗല പാലയില്‍ മലര്‍ക്കുടമായ്
മണിനാഗ കാവിലെ മണ്‍്വിളക്കായ്‌...

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

കാവടിയാടുമീ കണ്‍തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും
കാവടിയാടുമീ കണ്‍തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും  
മാറിലെ മാലേയ മധുചന്ദ്രനും...
മാറിലെ മാലേയ മധുചന്ദ്രനും
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമര പൂവിരല്‍ നീ തൊടുമ്പോള്‍
തരളമെന്‍ സ്വപ്നവും തനി തങ്കമായ്

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...

വീണപൂവ്‌

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.


ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

നാറാണത്ത് ഭ്രാന്തൻ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ 
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ 
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ 
നിന്റെ മക്കളിൽ ഞാനാണനാധൻ 
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ 
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ 
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന 
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല

വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന 

പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന 
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന 
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ 
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ 
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഡൻ 
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഡൻ 

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത 

ചുടലക്കു കൂട്ടിരിക്കുംബോൾ 
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ 
കഴകത്തിനെത്തി നിൽകുംബോൾ 
കോലായിലീകാലമൊരു മന്തുകാലുമായ്‌ 
തീ കായുവാനിരിക്കുന്നു 
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ 
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു 
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ 
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ 
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ 
നേർവ്വരയിലേക്കു തിരിയുന്നു 

ഇവിടയല്ലോ പണ്ടൊരദ്വൈതി 

പ്രകൃതിതൻ വ്രതശുധി 
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌ 
തേവകൾ തുയിലുണരുമിടനാട്ടിൽ 
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നംബലങ്ങളീൽ 
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും 
നാട്ടു പൂഴി പര പ്പുകളിൽ 
മോതിരം ഘടകങ്ങൾ നേരിന്റെ 
ചുവടുറപ്പിക്കുന്ന കളരിയിൽ 
നാണം ചുവക്കും വടക്കിനി തിണ്ണയിൽ 
ഇരുളിന്റെ ആഴത്തിൽ ആദ്യാത്മ ചൈതന്യം 
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ 
ഈറകളിളം തണ്ടിൽ ആത്മ ബ്ബോധതിന്റെ 
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ 
പുള്ളും പരുന്തും കുരുത്തോല നാഗവും 
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ 
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി 
പൂവുകൾ തീർക്കും കളങ്ങളിൽ 
അടിയാർ തുറക്കുന്ന പാടപറംബുകളിൽ 
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ 
ചുഴികളിൽ അലഞ്ഞതും 
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ 
ആഡ്യത്വം ഉച്ച്നേരുക്കൾ ചൊരിഞ്ഞതും 

പന്ത്രണ്ടു മക്കളത്രേ പിറന്നു 

ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു 
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ 
രണ്ടെന്ന ഭാവം തികഞ്ഞു 
രാശിപ്രമാണങ്ങൾ മാറിയിട്ടോ 
നീച രാശിയിൽ വീണുപോയിട്ടോ 
ജന്മശേഷത്തിൻ അനാഥത്വമോ 
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ 
താളമർമ്മങ്ങൾ പൊട്ടിതെറിച്ച ത്രുഷ്ണാർദ്ധമാം 
ഉന്മതത്തിൻ മാദന ക്രിയായന്ത്രമോ 
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ 
രാന്ദ്യം കുടിച്ചും തെഴുതും മുതിർന്നവർ 
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ 
എന്റെ എന്റെ എന്നാർത്തും കയർതും 
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും 
ഗൃഹ ചിദ്ര ഹോമങ്ങൽ തിമിർക്കുന്നതും കണ്ടു 
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു 
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ 
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ 
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും 
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും 
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത 
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌ 
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ 
ഓങ്കാര ബീജം തെളിഞ്ഞു 
എല്ലാരുമൊന്നെന്ന ശാന്തി പാഠം 
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു 
ഉടൽതേടി അലയും ആത്മാക്കളോട്‌ 
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ 

ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ 

ചേട്ടന്റെ ഇല്ലപറംബിൽ 
ചാത്തനും പാണനും പാക്കനാരും 
പെരുംതച്ചനും നായരും പള്ളുപോലും 
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും 
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും 
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും 



ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം 

ഇന്നലത്തെ ഭ്രാത്രു ഭാവം 
തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും 
നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും 
പിണ്ടം പിത്രുകൾക്കു വയ്ക്കാതെ 
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും 
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ 
ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും 
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ 
ചാത്തിരാങ്കം നടത്തുന്നു 
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും 
വിളിച്ചങ്കതിനാളുകൂട്ടുന്നു 
വായില്ലകുന്നിലെപാവത്തിനായ്‌ 
പങ്കു വാങ്ങിപകുത്തെടുക്കുന്നു 
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു 
സപ്തമുഘ ജടരാഗ്നിയത്രെ 
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു 
സപ്തമുഘ ജടരാഗ്നിയത്രെ 

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ 

ഒരുകോടി ഈശ്വര വിലാപം 
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ 
ഒരു കോടി ദേവ നൈരാശ്യം 
ജ്ഞാനത്തിനായ്‌ കൂംബി നിൽക്കുന്ന പൂവിന്റെ 
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം 
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ 
ജാതകം നോക്കുന്നു ദൈത്യന്യായാസനം 
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ 
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു 
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു 
ഊഴിയിൽ ദാഹമേ ബാക്കി 

ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ 

പ്രേതങ്ങളലറുന്ന നേരം 
പേയും പിശാചും പരസ്പരം 
തീവെട്ടിപേറി അടരാടുന്ന നേരം 
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ 
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ 
അറിയാതെ ആശിച്ചുപോകുന്നു ഞാനും 
വീണ്ടുമൊരുനാൾ വരും 
വീണ്ടുമൊരുനാൾ വരും 
എന്റെ ചുടലപറംബിലെ തുടതുള്ളുമീ 
സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും 
പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു 
അമരഗീതം പോലെ ആത്മാക്കൾ 
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരും 

അതിലെന്റെ കരളിന്റെ നിറവും സുഗന്തവും 

ഊഷ്മാവുമുണ്ടായിരിക്കും 
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ 
അണുരൂപമാർന്നടയിരിക്കും 
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു 
ഒരു പുതിയ മാനവനുയിർക്കും 
അവനിൽനിന്നദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം 
ഈ മണ്ണിൽ പരക്കും 
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 
നേരു നേരുന്ന കാന്തന്റെ സ്വപ്നം 

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 

നേരു നേരുന്ന കാന്തന്റെ സ്വപ്നം...........

മാവേലി നാട് വാണിടും കാലം

മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും

മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും

ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
ദുഷ്ടരെ കണ്‍കൊണ്ട്  കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ല പാരില്‍… ഇല്ല പാരില്‍

മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളികോലാദികള്‍ നാഴികളും
എല്ലാം കണക്കിന് തുല്യമായി… തുല്യമായി

മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം…പൊളിവചനം

മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല  താനും