2015, നവംബർ 26, വ്യാഴാഴ്‌ച

മരിക്കാത്ത ഓർമ്മകൾ

ചിലപ്പോഴെങ്കിലും തോന്നിപ്പോകും മരിച്ചു കഴിയുമ്പോളാണ്  നാം പലരുടെയും വില മനസ്സിലാക്കുക എന്ന്... ശരിയോ തെറ്റോ..അറിയില്ല...
എന്നെ എപ്പോഴും അങ്ങനെ ചില ഓർമ്മകൾ തളച്ചിടാറുണ്ട് .എനിക്ക് ഒരുപാട് പ്രിയപ്പെട്ട ചിലരൊക്കെ ഇഹലോകവാസം വെടിഞ്ഞു യാത്രയായത് കൊണ്ടാവാം.. "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല " എന്ന്  പഴയ ഒരു ചൊല്ലുണ്ട് ..എത്ര പരമാർത്ഥം!! കൂടെ എപ്പോഴും ഉള്ളപ്പോൾ ആരും ആരെയും തിരിച്ചറിയില്ല..മനസ്സിലാക്കില്ല. മരിച്ചു കഴിഞ്ഞാവും അവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന പല സന്ദർഭങ്ങളിൽ കൂടെയും കടന്നു പോകേണ്ടി വരിക.. മറവി ഒരു തരത്തിൽ മനുഷ്യന് അനുഗ്രഹം ആണെന്ന് തന്നെ പറയാം.അല്ലെങ്കിൽ ഇഷ്ടപ്പെട്ടവരുടെ വേർപാടിൽ ദു:ഖിച്ചു മുൻപോട്ടുള്ള ജീവിതം തകരുമായിരുന്നു.
ഈ ലോകത്ത് നിന്ന് തന്നെ വിടപറഞ്ഞു പോയാലും മനസ്സിനെ അത്ര കണ്ട് സ്വാധീനിച്ച വ്യക്തികളെ ഒരിക്കലും മനസ്സില് നിന്ന് മായ്കാൻ കഴിയുകയില്ല.. ചില നേരങ്ങളിൽ അവർ ഇപ്പോഴും എവിടെയോ ഉണ്ട്..എന്നെങ്കിലും വീണ്ടും കാണാൻ കഴിയും എന്നുള്ള പ്രതീക്ഷ പോലും മനസ്സില് കടന്നു വരാറുണ്ട്. നാളെ നമുക്ക് പ്രിയപ്പെട്ട പലതിനെയും..പലരെയും വിട്ട് നമ്മളും പോകേണ്ടതല്ലേ.ഇതുവരെ കടന്നു പോയവര് നമ്മെ പിരിയുമ്പോൾ എത്ര ദുഖിചിട്ടുണ്ടാവും. പൂർത്തിയാക്കാൻ കഴിയാതെ പോയ ദൗത്യങ്ങൾ..സാധികാതെ പോയ ആഗ്രഹങ്ങൾ..അങ്ങനെ പലതും ഓർത്ത് അവർ കരഞ്ഞിട്ടുണ്ടാവും.
നമുക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ നഷ്ടം ജീവന്റെ നഷ്ടമാണ്  എന്നാണ്  എന്റെ വിലയിരുത്തൽ..ഏറ്റവും പ്രിയപെട്ടവരുടെ ജീവൻ. പലപ്പോഴും ഒരാള്ടെ കടമകൾ കൂടെ അയാളുടെ വിയോഗത്താൽ മറ്റൊരാൾ ചെയ്തു തീർക്കും. എങ്കിൽ പോലും ആ ആളിന് മാത്രമായി ചെയ്യാൻ കഴിയുന്ന ചിലതെങ്കിലും ഉണ്ടാവും. അല്ലെങ്കിൽ ആ ആൾ വഹിച്ചിരുന്ന സ്ഥാനം..അതിപ്പോ അമ്മയോ അച്ഛനോ അപ്പൂപ്പനോ അമ്മൂമ്മയോ സഹോദരിയോ സഹോദരനോ അങ്ങനെ എന്ത് തന്നെ ആയാലും അതിലുണ്ടാകുന്ന വിടവ്...അതിനെ മറ്റൊരാൾക്ക്  പൂർണ്ണമായി നികത്തി തരാൻ കഴിയില്ല. ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യം ഉണ്ട്. അത് പലപ്പോഴും ആരും മനസ്സിലാക്കാറില്ല, അവർ വിട്ട്പിരിയുന്നത് വരെ..ഒരു പക്ഷെ അതിനു ശേഷവും..

സ്നേഹിക്കാം എല്ലാവരെയും ഓരോരുത്തരുടെയും പ്രാധാന്യം മനസ്സിലാക്കികൊണ്ട്‌ തന്നെ..ക്ഷണികമായ ഈ ലോകത്ത് നിന്ന് നമ്മളും ഒരിക്കൽ പോകേണ്ടി വരും എന്ന ഓർമ്മയോടെ.  നമ്മെ സ്നേഹിക്കുന്നവരോട്..നമുക്കായ് മാത്രം ജീവിക്കുന്നവരോട്..നമുക്കായ് എന്തും ത്യജിക്കാൻ തയ്യാറാകുന്നവരോട്..അതു മാത്രമേ നമുക്ക് ചെയ്യാൻ ഉള്ളു..        
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ