"എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ..
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ..
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ.."
പാട്ട് മനസ്സിനെ ഏതോ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന പോലെ. മനസ്സിൽ എങ്ങും ഇപ്പോൾ ആ പ്രണയത്തെ പറ്റി ഉള്ള ചിന്തകൾ മാത്രം. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ കുറിച്ച്. ഇന്നത്തെ തലമുറക്ക് അവിശ്വസനീയം ആയിരുന്നു മൊയ്ദീൻ - കാഞ്ചനമാല പ്രണയം. ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് ചിന്തിച്ചു പോകും 'എന്ന് നിന്റെ മൊയ്ദീൻ' എന്ന സിനിമ കാണുമ്പോൾ. അതിലും അത്ഭുതം ആ സിനിമയിലെ മൊയ്ദീനും കാഞ്ചനമാലയും വെറും സാങ്കല്പിക കഥാപാത്രങ്ങൾ അല്ല എന്നുള്ളതാണ്. ഈ കൊച്ചു കേരളത്തിൽ കോഴിക്കോട് മുക്കം എന്ന സ്ഥലത്ത് മൊയ്ദീനെ ഓർത്ത് തേങ്ങുന്ന മനസ്സുമായി കാഞ്ചനമാല ഇന്നും ജീവിക്കുന്നു. അവരുടെ ജീവിതത്തെ കുറിച്ച്..പ്രണയത്തെ കുറിച്ച്..എഴുതുവാൻ വാക്കുകൾ പോരാതെ വരുന്നപോലെ തോന്നുന്നു.
രണ്ടു പേരും സമ്പന്ന കുടുംബങ്ങളിൽ ജനിച്ചവർ..ധീരവ്യക്തിത്വത്തിന്റെ ഉടമകൾ..അന്യായത്തിനു എതിരെ പ്രതികരിക്കുന്നവർ..പ്രണയത്തിലാകുന്നു. ആ കാലഘട്ടത്തിൽ ജാതിക്കും മതത്തിനും ഉണ്ടായിരുന്ന പ്രാധാന്യം അവരുടെ ബന്ധത്തിന് വിലക്ക് കല്‍പ്പിച്ചിരുന്നു.പ്രണയം ഓരോ ആളുടെയും മനസ്സിൽ ഓരോ രീതിയിൽ ആയിരിക്കും. ഇവിടെ മൊയ്ദീനും കാഞ്ചനയും ഒന്നിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്വന്തം മണ്ണിൽ തന്നെ എല്ലാവരുടെയും കൂടെ തന്നെ ജീവിക്കാൻ വേണ്ടി..മറ്റുള്ളവരുടെ ജീവിതത്തിനു കൂടി പ്രാധാന്യം നല്കിക്കൊണ്ട് ..കാത്തിരുന്നു. പിന്നീട് ഒരുമിക്കാൻ തീരുമാനിച്ച പല അവസരങ്ങളിലും വിധി ആണ് അവര്‍ക്ക് വില്ലനായി വന്നത്. ഒടുവിൽ മൊയ്ദീന്റെ മരണത്തിലൂടെയും വിധി ആ പ്രണയത്തെ തോല്പിക്കാൻ ശ്രമിച്ചു. പക്ഷെ ഇന്നും ഒരു താലിച്ചരടിന്റെ ബന്ധം ഇല്ലാതെ തന്നെ കാഞ്ചനമാല മൊയ്ദീന്റെ വിധവ എന്ന് മുക്കത്ത് അറിയപെടുന്നു. കണ്ണ് അകന്നാൽ മനസ്സ് അകലുന്ന ഈ കാലത്ത് മരണത്തിനു പോലും മായ്കാൻ കഴിയാത്ത സ്നേഹവുമായി കാഞ്ചന.
ഇന്നത്തെ കാലത്ത് പത്തിരുപത് വർഷം കാത്തിരിക്കുന്ന പ്രണയം അവിശ്വസനീയം തന്നെ.. മൊയ്ദീന്റെയും കാഞ്ചനയുടെയും പ്രണയം പോലെ തന്നെ മറ്റൊരാളെ മനസ്സ് നിറയെ സ്നേഹിക്കുന്ന കാഞ്ചനയെ അത്രയും വർഷം മനസ്സിൽ വെച്ച് ആരാധിച്ച അപ്പുവേട്ടന്റെ പ്രണയവും അനിർവചനീയം തന്നെ. കൂടാതെ സഹോദരിക്ക് വേണ്ടി വിവാഹം ഉപേക്ഷിച്ച് ജീവിച്ച സേതുവും ഇന്നത്തെ തലമുറയിൽ കാണാൻ കഴിയാത്ത കഥാപാത്രമാണ്. സ്നേഹവും ത്യാഗവും ക്ഷമയോടെയുള്ള കാത്തിരുപ്പും എല്ലാം ഇന്ന് അന്യമാണ്.
സംവിധായകൻ ആർ.എസ് വിമലിന് ആ പ്രണയകഥ അതിന്റെ ആഴത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് പറയാം. 'ജലം കൊണ്ട് മുറിവേറ്റവൾ ' എന്ന ഒരു ഡോക്യുമെന്ററി ഇതിനു മുന്പ് ഉണ്ടായിരുന്നു എന്ന് കേട്ടു. അത് കാണാൻ ശ്രമിക്കുകയാണ് ഇപ്പോൾ. കണ്ടില്ല എങ്കിലും അതിന്റെ പേര് വല്ലാതെ മനസ്സിനെ സ്പർശിച്ചു. കാഞ്ചനമാല ജലം കൊണ്ട് മനസ്സിൽ മുറിവേറ്റവൾ തന്നെ ആണല്ലോ. ഇലവഴിഞ്ഞി പുഴയുടെ ആഴങ്ങളിലേക്ക് ഇനി ഒരിക്കലും തിരിച്ച് വരാതെ മൊയ്ദീൻ യാത്രയായി. മുറിവേറ്റ മനസ്സോടെ മൊയ്ദീന്റെ വെള്ളാരം കണ്ണുകളിലെ പ്രണയം ഓർത്തു മുക്കത്തെ പെണ്ണ് തനിച്ചായി.
"ഓരോ നേരം തോറും നീളും യാമം തോറും
നിന്റെ ഓർമ്മയാൽ എരിഞ്ഞിടുന്നു ഞാൻ
ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെനിക്കായ്
പെയ്യുമെന്ന് കാത്തു ഞാൻ
കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നുപോയ്
വേനലിൽ ദളങ്ങൾ പോൽ
വളകൾ ഊർന്നു പോയ് "